Saturday, September 29, 2012

ന്യൂ ജെനറേഷന്‍


"ആടാട നാക്കുമുക്കെ നാക്കുമുക്കെ, ആടാട നാക്കുമുക്കെ നാക്കുമുക്കെ" തമിഴ്‌ ചലച്ചിത്ര ഗാനം കര്‍ണ്ണപടം തുളച്ചുകൊണ്ട് മൊബൈലില്‍ക്കൂടി പുറത്തേക്കൊഴുകി. ആമത്തോടില്‍ നിന്നും കാലുകള്‍ പുറത്തേക്ക് വരുന്ന പോലെ കരിമ്പടത്തില്‍ നിന്നും ഒരു കൈ നീണ്ടു വന്ന് മൊബൈലിന്‍റെ കഴുത്തില്‍ കുത്തിപ്പിടിച്ചതിനെ നിശബ്ദമാക്കിയ ശേഷം അതുപോലെ തിരികെ കയറിപ്പോയി.


"കാപ്പി റെഡി"


കൈ നിറയെ ഗ്ലാസ്സുകളും ആയി പടികയറുന്നതിനിടയില്‍ വിഷ്ണു അറിയിച്ചു. അറിയിപ്പ്‌ മുഴങ്ങേണ്ട താമസം, മൂന്ന് ആമകള്‍ ഒന്നിച്ച് കൈകള്‍ പുറത്തേക്ക് നീട്ടി. കൈയ്യില്‍ക്കൂടി ദ്രാവകം അകത്തേക്കെടുക്കാന്‍ സാധ്യമല്ലാത്തതിനാല്‍ കൈകള്‍ക്ക്‌ ശേഷം തലകളും ചട്ടയില്‍ നിന്ന് പുറത്തേക്കെത്തി. സൂര്യന്‍റെ ആദ്യ കിരണങ്ങള്‍ ഭൂമിയില്‍ പതിച്ചിട്ട് മണിക്കൂറുകള്‍ പലതായിട്ടും ഈ തലകള്‍ക്കതറിയാന്‍ പകലോന്‍ ഉച്ചിയിലെത്തണം.

പുതപ്പിന്‍റെ സുഖ സുന്ദര ചൂടില്‍ നിന്നും കാപ്പിയുടെ ഇളം ചൂടിലേക്ക് അവരൊന്നിച്ച് ഇറങ്ങിച്ചെന്നു. 'തൊഴിലില്ലായ്മ' തൊഴില്‍ ആക്കിയ 4 ചെറുപ്പക്കാരുടെ ദിവസം, അവിടെ തുടങ്ങുന്നു.


പുതപ്പിനുള്ളില്‍ എവിടെയോ ഒരു മൊബൈല്‍ വീണ്ടും മണി അടിച്ചു. "ആരും പേടിക്കണ്ട അത് എന്‍റെയാ." ശങ്കര്‍ അവന്‍റെ ഉടമസ്ഥാവകാശം അറിയിച്ചു. മൊബൈലിന്‍റെ സ്ക്രീനില്‍ നോക്കി കൊണ്ട് അവന്‍ പറഞ്ഞു. "വീട്ടില്‍ നിന്നാ"
ഹലോ പറഞ്ഞ് മൊബൈല്‍ ചെവിയോട്‌ ചേര്‍ത്തപ്പോള്‍ നവ രസങ്ങള്‍ ആ മുഖത്ത് മിന്നി മാഞ്ഞു. അത് കണ്ട ജിതിന്‍, മെല്ലെ ശരത്തിന്‍റെ ചെവിയില്‍ മൊഴിഞ്ഞു "വീട്ടില്‍ നിന്ന് രാവിലെ വയര്‍ നിറച്ച് അവനു കിട്ടുന്നുണ്ട്. എങ്കിലും, എനിക്കൊരു സംശയം. നമ്മുടെ വയര്‍ നിറക്കാന്‍ എന്തെങ്കിലും ഉണ്ടോ?"

"വയര്‍ നിറക്കാന്‍ എനിക്ക് കുറച്ച് വിശപ്പുണ്ട്. നിനക്ക് വേണോ?"
ലാപ്ടോപ്പ് തുറക്കുന്നതിനിടയില്‍ ജിതിന് ശരത്തിന്‍റെ മറുപടി.


ചെറിയ ഒരു ചിരി അവിടെ ഉയര്‍ന്നു, ആ ചിരിക്കിടയില്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് ശങ്കര്‍ എത്തി അവന്‍റെ ലാപ്ടോപ്പ് തുറന്നു.


"എന്താട രാവിലെ വീട്ടിന്ന് വിളിച്ചത്? വയര്‍ നിറച്ച് കിട്ടിയോ??" ഒരു കള്ള ചിരിയോടെ വിഷ്ണു ചോദിച്ചു.


"അല്ല, അല്ല. വീട്ടില്‍ എനിക്ക് കുറെ കല്യാണ ആലോചന. 10 ആലോചനകള്‍ വന്നു കിടക്കുന്നു പോലും. അതില്‍ ഏതെങ്കിലും ഒന്നിനെ കെട്ടിയേ പറ്റുവെന്ന് അമ്മ"


"ആരാടാ ഭാഗ്യവതികളായ ബാക്കി 9 പേര്‍?" ജിതിന്‍റെ ചോദ്യത്തിനൊപ്പം അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു. മുഖത്തെ ജാള്യത മറക്കാന്‍ ശങ്കര്‍ ഫേസ്ബുക്കിലേക്ക് ഊളിയിട്ടു.


"ഇന്ന് ഞാന്‍ മങ്കി ഡി ലൂഫി കാര്‍ടൂണ്‍ സീരീസ്‌ മുഴുവനും കണ്ട് തീര്‍ക്കും." ഇന്നും കുട്ടിക്കളി മാറാത്ത വിഷ്ണു, അവന്‍റെ ആ ദിവസത്തെ ലക്ഷ്യം പ്രഖ്യാപിച്ചു.


"ഇന്നലെ അയച്ച റിക്വസ്റ്റും അവള്‍ റിജെകട് ചെയ്തു. അത് കൊണ്ട് ഇന്ന് ഞാന്‍ 'വിരക്തി' ദിവസം ആയി ആഘോഷിക്കുന്നു. അതിന്‍റെ ഭാഗമായി 2 മുതല്‍ മൂന്ന്‍ വരെ യൂട്യൂബില്‍ കഥകളിയും 3 മുതല്‍ 4 വരെ രാജശ്രീവാര്യരുടെ ഭരതനാട്യവും കാണുന്നതായിരിക്കും." ശരത്‌ തന്‍റെ ഉദേശം വ്യക്തമാക്കി.


"അപ്പോള്‍ ഇന്ന് സിനിമ കാണാന്‍ ആരും ഇല്ലേ?" ശങ്കര്‍ അവന്‍റെ സങ്കടം പ്രകടിപ്പിച്ചു.


"നിനക്ക് ഞാന്‍ ഉണ്ട് മുത്തേ....പക്ഷ പണ്ടത്തെ നസീര്‍ സിനിമ ലങ്കദഹനം ആണെങ്കിലേ ഞാന്‍ കൂടു. അതാകുമ്പോള്‍ ചിരിക്കാന്‍ കുറെ ഉണ്ടാകും."

അവര്‍ രണ്ടുപേരും ഒന്നിച്ച് ഓണ്‍ലൈന്‍ സിനിമ ലോകത്തേക്ക് ഊളിയിട്ടു.
അങ്ങനെ അവരുടെ ഇന്നത്തെ ദിവസം തുടങ്ങുകായായി. ന്യൂ ജെനറേഷന്‍ പുതു ദിനങ്ങള്‍ ഇന്ന് ഇങ്ങനെ ആണ്. ഉറക്കം ഉണര്‍ത്തുന്നത് കോഴിക്ക് പകരം മൊബൈലും ജീവശ്വാസം ആയി സൗഹൃദം പറ്റുബുക്കിലാക്കുന്ന ഫേസ്ബുക്കും!!

"ഡാ, ആരെങ്കിലും പോയി എന്തെങ്കിലും ഉണ്ടാക്ക്, വിശക്കുന്നു." വയറിന്‍റെ വിളി ഉച്ചത്തിലായപ്പോള്‍ മാത്രമാണ് ജിതിന്‍ സമയത്തെ പറ്റി ബോധാവാന്‍ ആയത്.

പക്ഷെ, ആരും പ്രതികരിച്ചില്ല. എല്ലാവരും ഒന്ന് കൂടി തല കമ്പ്യൂട്ടറില്‍ തിരുകി അവനവന്‍റെ ലോകത്ത് ലക്ഷ്യം തേടി അലഞ്ഞു. കമ്പ്യൂട്ടര്‍ ആണ് എല്ലാവരുടെയും ലോകം. അതിന്‍റെ മുന്നില്‍ വിശപ്പിന്‍റെ വിളിയും, കൂട്ടുകാരന്‍റെ വ്യെസനവും വെറും മൂളലുകള്‍ ആയി അവസാനിക്കാറുണ്ട്. ആ മൂളലുകള്‍ക്ക് ഒപ്പം ജിതിന്‍ അവന്‍റെ  വിശപ്പും കുഴിച്ചുമൂടി. പിന്നെയും സമയം അതിന്‍റെ സഞ്ചാരം യെധേഷ്ടം തുടര്‍ന്നു. ആരുടെയോ മൊബൈല്‍ വീണ്ടും ചിലച്ചു.

"ഹലോ!" ഫോണ്‍ എടുത്തത്‌ വിഷ്ണുവായിരുന്നു. "ആഹ, എപ്പോള്‍??? വരുന്നുണ്ട് അളിയാ. ഞങള്‍ ഇതാ എത്തി കഴിഞ്ഞു." വിഷ്ണു ഝടുതിയില്‍ ഫോണ്‍ സംസാരം അവസാനിപ്പിച്ചു. പിന്നെ സുഹൃത്തുക്കള്‍ക്ക് നേരെ തിരിഞ്ഞു.

"അളിയന്‍മാരെ, വിളിച്ചത് സമീര്‍ ആണ്, ഇന്ന് അവന്‍റെ പിറന്നാള്‍ ആണെന്ന്. വെള്ളമടി പാര്‍ട്ടി ശുരു ഹോനെ വാലാ ഹും. വേഗം റെഡി ആകൂ... ഇന്ന് അടിച്ച് മരിക്കണം."

ഇടിമ്മിന്നല്‍ പോലെ പതിച്ച ആ സന്തോഷ വാര്‍ത്തയില്‍ സുഹൃത്തുക്കളുടെ മുഖം ഒരേ പോലെ പ്രകാശപൂരിതമായി. ആ മുഖങ്ങളില്‍ ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര്‍ പ്രത്യക്ഷരായി. പിന്നെ ഒരു നിമിഷം പോലും അമാന്തിക്കാതെ അവര്‍ പറ്റുബുക്കും, അദൃശ്യ വലയും അടച്ച്, അവരുടെ ലോകത്തിന് ഷട്ട്ഡൌണും അടിച്ചു.  പിന്നെ അവിടെ ഒരു ആവേശ തേരോട്ടമായിരുന്നു. ശങ്കര്‍ ആ തിരക്കിനിടയിലൂടെ എപ്പോളോതന്‍റെ മൊബൈല്‍ ഫേസ്ബുക്ക് ആപ്പ്‌ ഉപയോഗിച്ച് നഗരത്തിലെ മുന്തിയ ഹോട്ടലില്‍ ചെക്ക്‌ ഇന്‍ ചെയ്തു എന്ന് സ്റ്റാറ്റസ് കീറി, പിന്നെ അടിച്ചതും അടിക്കാന്‍ പോകുന്നതും ആയ  മദ്യ ബ്രാന്‍ണ്ടുകളെ പറ്റി കമനീയമായ വര്‍ണ്ണന തന്നെ അവിടെ നടത്തി.. ഇതാണ് ന്യൂ ജെനറേഷന്‍., അപ്പന്‍ മരിച്ചാല്‍ വായിക്കരി ഇടും മുന്‍പ്‌ സ്റ്റാര്‍റ്റസ് ഇടുന്ന ലോകം. പെറ്റ തള്ള വിളിച്ചാല്‍ കമ്പ്യൂട്ടര്‍ വിട്ട് വരാത്ത കുട്ടികള്‍, മദ്യത്തിനായി പെറ്റതള്ളയെ തള്ളിയിട്ട് ഓടുന്ന ജെനറേഷന്‍, എതിര്‍ക്കപ്പെട്ടാല്‍ ജെനറേഷന്‍ ഗ്യാപ്‌ എന്ന് പരിഹസിക്കുന്ന പുതു തലമുറ.

രാത്രിക്ക് പ്രായമായി, ആ സുഹൃത്തുക്കളെ വഹിച്ച് കൊണ്ട് ഒരു ടാക്സി വീട്ടുപടിക്കല്‍ വന്നുനിന്നു. ബോധം ഇല്ലാത്ത പുതു തലമുറ ടാക്സിക്കാരന് കാശ് നല്‍കിയ ശേഷം, കഷ്ടപ്പെട്ട് വാതില്‍ തുറന്നകത്ത് കയറി. ഒന്നിച്ചവര്‍ ആ തറയിലേക്ക് മറിഞ്ഞു. ഇടക്കിയ്ക്ക് ആരൊക്കെയോ വാളുകളും പരിച്ചകളും ആ നിലത്തേക്ക് ഉതിര്‍ത്തു. വാളിന്‍റെ സുഖ ശീതളിമയില്‍ അവര്‍ സ്വയം മറന്നുറങ്ങി. ഇതാണ് പുതുതലമുറ. വെയിലില്‍ അദ്വാനിച്ച് തളര്‍ന്നു വരുന്ന കര്‍ഷകന്‍റെ വിയര്‍പ്പ് അവര്‍ക്ക്‌ ദുര്‍ഗന്ധവും, ഉദരത്തില്‍ നിന്നും മദ്യത്താല്‍ തൊടുക്കുന്ന 'വാള്‍' അവര്‍ക്ക്‌ പനനീര്‍ മെത്തയും!!

എപ്പോളോ സൂര്യകിരണങ്ങള്‍ ആരുടെയോ തലയില്‍ പതിഞ്ഞു, അത് ആദ്യം അറിഞ്ഞതോ ശരത്തും. "ആരെങ്കിലും പോയി കാപ്പി ഉണ്ടാക്ക്" ഇനിയും വിട്ടുമാറാത്ത മദ്യത്തിന്‍റെ ലഹരിയില്‍ അവന്‍ ആജ്ഞാപിച്ചു. പിന്നെ മെല്ലെ തന്‍റെ ലോകമായാ ലാപ്ടോപ്പിനും മൊബൈലിനും ആയി കൈകള്‍ മെല്ലെ നിവര്‍ത്തി.

"അയ്യോ!" അലറിക്കൊണ്ട് അവന്‍ ചാടി എഴുനേറ്റു. എവിടെ എന്‍റെ മൊബൈല്‍? ഡാ എഴുനേക്ക്. എന്‍റെ മൊബൈല്‍ കാണുന്നില്ല."

"അവിടെ എങ്ങാനും നോക്ക്. " ജിതിന്‍ ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ കയര്‍ത്തു.

"എവിടെ പോകാന?ശരിക്ക് നോക്കട" വിഷ്ണുവും ദേഷ്യം പ്രകടിപിച്ചു.

"എന്‍റെ മാത്രം അല്ല. നിന്‍റെ ഒന്നും മൊബൈല്‍ ഇവിടെ കാണുന്നില്ല. മൊബൈല്‍ മാത്രം അല്ല ലാപ്‌ ടോപ്പും" അങ്ങനെ പറയുമ്പോള്‍ ശരത് കരച്ചിലിന്‍റെ വക്കില്‍ എത്തിയിരുന്നു. ആ രോദനം കേട്ടപ്പോള്‍ തന്നെ എല്ലാവരും ഉറക്കത്തില്‍ നിന്നും "അയ്യോ എന്‍റെ ലാപ്പ്" എന്ന് അലറിക്കൊണ്ട് ചാടി എഴുന്നേറ്റു. പരതലില്‍ അവര്‍ ആ സത്യം മനസ്സിലാക്കി. മദ്യപിച്ചു കിടക്കും മുന്‍പ്‌ വാതില്‍ കുറ്റിയിടാന്‍ മറന്നുവെന്ന സത്യം!

അവരെ സംബധിച്ച് അവരുടെ ലോകം അവസാനിച്ചിരിക്കുന്നു. ഇനി അവര്‍ക്ക്‌ ലോകം അര്‍ത്ഥശൂന്യമായ എന്തോ ഒന്ന് മാത്രം. തലക്ക്‌ കയ്യും കൊടുത്ത് ഇനി എന്ത് എന്ന ചോദ്യവും ചോദിച്ച് പരസ്പരം മുഖത്തോട് മുഖം നോക്കി അവര്‍ ഇരുന്നു. ന്യൂ ജെനറേഷന്‍ ലോകം, അവിടെ അവര്‍ക്ക്‌ താല്‍ക്കാലികമായി അവസാനിച്ചു. കാരണം ലൈക്കുകള്‍ ഇല്ലാത്ത ലോകം അവരുടെ ലോകമല്ല. അത് അവര്‍ക്ക്‌ പരലോകമാണ്.

ഈ സമയം സിറ്റിയുടെ മറ്റൊരു കോണില്‍ ഒരു ചെറുപ്പക്കാരന്‍ തന്‍റെ ബൈക്ക് നിര്‍ത്തി. കാതില്‍ കടുക്കനും കഴുത്തില്‍ ടാറ്റുവും ഉള്ള മറ്റൊരുവന്‍., വേഗത്തില്‍ അവന്‍ ഇലക്ട്രോണിക് കട ലക്ഷ്യമാകി നീങ്ങി. അല്‍പ സമയം കഴിഞ്ഞ് പുറത്ത് ഇറങ്ങിയ  മൊബൈല്‍ എടുത്ത് അയാള്‍ ഡയല്‍ ചെയ്തു.

"ഹായ്, ഡാര്‍ലിംഗ്. എന്ത് ഉണ്ട്? ഓ, ബേബി. നീ ക്ഷമിക്ക്. ഇന്നലെ നയിറ്റ്‌ ഡ്യൂട്ടി ആയിരുന്നു അതല്ലേ വിളിക്കാഞ്ഞത്."

"പിണങ്ങാതെ. മോളൂന് ഞാന്‍ ഒരു മൊബൈല്‍ വാങ്ങി. ഇന്ന് തന്നെ കൊണ്ട് വരാം. ഉമ്മ ലവ് യു." ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് അയാള്‍ തന്‍റെ ബൈക്കില്‍ കയറി. ഹെഡ് സെറ്റ്‌ ചെവിയില്‍ തിരുകി, റാപ്പ് സംഗീതം ആസ്വദിച്ച്‌ ആ ന്യൂ ജെനറേഷന്‍ തസ്കരന്‍ തന്‍റെ അടുത്ത ഇരയെ തിരക്കി ബൈക്ക്‌ ഓടിച്ച് അകലേക്ക്‌ അകന്നു.